
Photo|Special Arrangement
സ്വർണപ്പാളി വിവാദം; കളവ് നടന്നത് വ്യക്തം, അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേട്:വി.ഡി സതീശൻ
|ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം രാജിവച്ചു പുറത്തു പോകണമെന്നും സതീശൻ
ഇടുക്കി: അറ്റകുറ്റപണിക്ക് കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടിവെച്ചു. നടപടി ക്രമങ്ങൾ ഒന്നും സുതാര്യമല്ലെന്നും സതീശൻ ആരോപിച്ചു.
ചെന്നൈയിൽ ദ്വാരപാലക ശിൽപങ്ങൾ എത്താൻ സമയമെടുത്തു. സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വർണം പൂശിയിരുന്നത്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് അടിച്ചുമാറ്റാൻ വേണ്ടിയാണ് ചെയ്തതെന്ന്. ചെമ്പുപാളികളാണ് സ്വർണം പൂശാനായി എത്തിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ സ്വർണം അടിച്ചുമാറ്റിയെന്നതിന് ഇത് തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കളവ് നടന്നു എന്നത് വ്യക്തമാണ്. സുതാര്യതയില്ല എന്നതും വ്യക്തം. ആരും അറിഞ്ഞില്ല എന്ന് പറയുന്നത് തെറ്റാണ്. അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടിലാണുള്ളതെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാൽ പോര. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം രാജിവെച്ച് പുറത്തുപോകണം. ജി.സുധാരന്റെയും അനന്ത ഗോപന്റെയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ കുറ്റവാളികൾ ആരാണെന്ന് വ്യക്തമാകുമെന്നും സതീശൻ വ്യക്തമാക്കി.