< Back
Kerala
ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കൂടെക്കൂട്ടാനാകില്ല: വിഡി സതീശൻ
Kerala

"ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കൂടെക്കൂട്ടാനാകില്ല": വിഡി സതീശൻ

Web Desk
|
22 Jan 2024 4:18 PM IST

വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്ത് വെക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും വിഡി സതീശൻ കുറിച്ചു

തിരുവനന്തപുരം: ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്ക് ഒപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്ത് വെക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ലെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:-

ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്.

വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിൻ്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.

കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട് കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ല.

Similar Posts