< Back
Kerala
സിനഡിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത്  രഹസ്യ കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ
Kerala

സിനഡിനിടെ സിറോ മലബാർ സഭാ ആസ്ഥാനത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ

Web Desk
|
8 Jan 2026 8:36 AM IST

സ്വകാര്യ വാഹനത്തിലാണ് പ്രതിപക്ഷ നേതാവ് എത്തിയത്

കൊച്ചി: സിനഡ് സമ്മേളനം നടക്കുന്നതിനിടെ കത്തോലിക്കാ സഭാ നേതൃത്വവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലടക്കമുള്ളവരെ സന്ദർശിച്ചെന്നാണ് വിവരം. കൂടിക്കാഴ്ച പരാജയഭീതിയിലെന്ന് എളമരം കരീമും പ്രതിപക്ഷ നേതാവ് സിനഡിൽ പോയതിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സാമുദായിക ശാക്തീകരണ വർഷമെന്ന നിലയിൽ സുപ്രധാനമായ കർമപദ്ധതികൾക്ക് രൂപം നൽകുന്ന സഭയുടെ സിനഡ് സമ്മേളനത്തിനിടെയായിരുന്നു പ്രതിപക്ഷനേതാവിൻ്റെ സന്ദർശനം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിക്കും തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിക്കുമൊപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

ഔദ്യോഗിക സന്ദർശനമല്ലെന്ന് സഭാനേതൃത്വം പറഞ്ഞൊഴിയുമ്പോഴും നിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെയുള്ള പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടപ്പാക്കാത്തതിലുക്ഷപ്പെടെ സംസ്ഥാന സർക്കാരിനോടുള്ള സഭയുടെ അമർഷം നിലനിൽക്കെയാണ് സതീശൻ്റെ സന്ദർശനം. കൂടിക്കാഴ്ചയെ കുറിച്ച് സതീശനോ സഭാ നേതൃത്വമോ പ്രതികരിച്ചിട്ടില്ല. പരാജയഭീതികൊണ്ടാണ് സതീശൻ സഭാ ആസ്ഥാനത്തെത്തിയതെന്നായിരുന്നു സിപിഎം പ്രതികരണം.

പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനത്തിൽ അസ്വാഭാവികതയില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ജനുവരി 10 വരെ നടക്കുന്ന സിനഡിൽ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 53 മെത്രാൻമാരാണ് പങ്കെടുക്കുന്നത്.



Similar Posts