< Back
Kerala
VD Satheeshan reply to Rajeev Chandrashekhar
Kerala

'അദ്ദേഹം മുണ്ടഴിച്ച് തലയിൽ കെട്ടിയാലും ഞങ്ങൾക്ക് പ്രശ്‌നമില്ല'; ബിജെപി സംസ്ഥാന അധ്യക്ഷന് മറുപടിയുമായി വി.ഡി സതീശൻ

Web Desk
|
27 April 2025 5:39 PM IST

കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചോ സാമൂഹിക രാഷ്ട്രീയ ഘടനയെക്കുറിച്ചോ യാതൊരറിവും ഇല്ലാത്തയാളാണ് രാജീവ് ചന്ദ്രശേഖർ എന്നും സതീശൻ പറഞ്ഞു.

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രാജീവ് ചന്ദ്രശേഖർ മുണ്ടുടുത്താലും, മുണ്ടഴിച്ചിട്ടാലും, മുണ്ടഴിച്ച് തലയിൽ കെട്ടിയാലും തങ്ങൾക്കതൊരു പ്രശ്‌നവുമില്ലെന്ന് സതീശൻ പറഞ്ഞു. അദ്ദേഹത്തിന് ഡയലോഗ് എഴുതിക്കൊടുത്ത പിആർ ഏജൻസി പൊട്ടിക്കരഞ്ഞുകാണുമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.

ലൂസിഫർ സിനിമയിലെ ഡയലോ​ഗ് ഉദ്ധരിച്ചായിരുന്നു കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ വി.ഡി സതീശന് മറുപടി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പഴയ ഒരുപാട് ബിജെപിക്കാർ ചന്ദ്രശേഖറിനെ തെറി പറയുന്നുണ്ട്. ചന്ദ്രശേഖർ വേണമെങ്കിൽ അവരെ തെറി പറഞ്ഞോട്ടെ. തങ്ങൾക്ക് അതിൽ വിരോധമില്ല, എന്നാൽ വെറുതെ തങ്ങളെ വിരട്ടാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചോ സാമൂഹിക രാഷ്ട്രീയ ഘടനയെക്കുറിച്ചോ യാതൊരറിവും ഇല്ലാത്തയാളാണ് രാജീവ് ചന്ദ്രശേഖർ. 2006ലും 2012ലും പിൻവാതിൽ വഴിയാണ് ചന്ദ്രശേഖർ രാജ്യസഭയിലെത്തിയത്. അഞ്ചു വർഷം മന്ത്രിയായിരുന്നപ്പോൾ എന്താണ് അദ്ദേഹം കേരളത്തിനു വേണ്ടി ചെയ്തത്. 2018ൽ മാത്രം ബിജെപിയിൽ ചേർന്നയാളാണ് ചന്ദ്രശേഖർ.കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ആയിട്ടില്ലയെന്നും സതീശൻ പറഞ്ഞു.

Similar Posts