
'തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകൾ ലീഗിനും ലീഗ് തോൽക്കുന്ന സീറ്റുകൾ കോൺഗ്രസിനും നൽകും, വെച്ചുമാറൽ ചർച്ച തുടരും': വി.ഡി സതീശൻ
|ധാരണയ്ക്ക് അനുമതി ലഭിച്ചാൽ പട്ടാമ്പി സീറ്റ് ലീഗിന് നൽകും
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വച്ച് മാറാൻ കോൺഗ്രസും മുസ്‌ലിം ലീഗും. ഇത് സംബന്ധിച്ച് ഹൈക്കമാന്റിനോട് അനുമതി തേടാൻ ധാരണ. ഇക്കാര്യത്തിൽ വാശിയോ തർക്കങ്ങളോ ഇല്ലെന്നും ഒരു റൗണ്ട് ചർച്ച പൂർത്തിയാക്കിയതായും വി.ഡി സതീശൻ പറഞ്ഞു.
'കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ചില സീറ്റുകൾ ലീഗിന് നൽകും. ലീഗ് തോൽക്കുന്ന സീറ്റുകൾ കോൺഗ്രസിനും നൽകും. സീറ്റ് വച്ചു മാറുമ്പോൾ ഇവിടങ്ങളിൽ ജയിക്കാൻ സാധ്യയുണ്ട്. ഇത് സംബന്ധിച്ച് ഒരു റൗണ്ട് ചർച്ച കഴിഞ്ഞു. അടുത്ത റൗണ്ടോടെ ചർച്ച പൂർത്തിയാവും. ജനുവരി 27 ന് സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് കടക്കും. എത്രയുംപെട്ടന്ന് ചർച്ച പൂർത്തിയാക്കും'- സതീശൻ പറഞ്ഞു.
മുസ്‌ലിം ലീഗിനും കോൺഗ്രസിനും ജയസാധ്യതയുള്ള മണ്ഡലങ്ങൾ പരസ്പരം വച്ചുമാറാനാണ് നീക്കം. ഗുരുവായൂർ സീറ്റ് മുസ്‌ലിം ലീഗ് വിട്ടുനൽകിയാൽ കോൺഗ്രസ് ടി. എൻ പ്രതാപനെ മത്സരിപ്പിക്കും. ധാരണയ്ക്ക് അനുമതി ലഭിച്ചാൽ പട്ടാമ്പി സീറ്റ് ലീഗിന് നൽകും. കൊച്ചി സീറ്റ് ലീഗിന് നൽകിയാൽ കളമശേരിയിൽ മുഹമ്മദ് ഷിയാസ് കോൺഗ്രസ് സ്ഥാനാർഥിയാകും. രമ്യ ഹരിദാസിനെ തെക്കൻ ജില്ലയിൽ പരീക്ഷിക്കും എന്നാണ് വിവരം.