
രാഹുലിനെതിരായ നടപടി: 'ബോധ്യത്തിൽ നിന്നുള്ള തീരുമാനം, അറബിക്കടൽ ഇരമ്പിയെത്തിയാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല': വി.ഡി സതീശൻ
|പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ പ്രകടനം നടത്തി
എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടായ ബോധ്യത്തില്‍ നിന്നുള്ള തീരുമാനമായിരുന്നു അത്. ആള്‍ക്കൂട്ടം വന്ന് പറഞ്ഞാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നുള്ള തീരുമാനമായിരുന്നു. എന്റെ മാത്രമല്ല, പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അറബിക്കടല്‍ പോലെ കേരളം ഇരമ്പിവന്നാലും പിന്മാറില്ല.'
രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് വലിയ അര്‍ഥമില്ലെന്നും തെറ്റ് പറ്റിയാലുടന്‍ അത് സമ്മതിക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രാഹുല്‍ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
കൊച്ചിയിലെ സ്വകാര്യപരിപാടിയില്‍ സംസാരിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലുക്ക് ഔട്ട് നോട്ടീസിന്റെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. വി.ഡി സതീശന്‍ സംസാരിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.