< Back
Kerala
VD Satheeshan letter to Chief Minister
Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ആഴ്ചയും വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം ഉണ്ടാവണമെന്നാണ് ആഗ്രഹം: വി.ഡി സതീശൻ

Web Desk
|
17 Dec 2025 3:39 PM IST

മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചർച്ചയും നടക്കുന്നില്ല. എന്നാൽ ഇതിനെക്കാൾ വിപുലീകരിക്കപ്പെട്ട പ്ലാറ്റ്‌ഫോമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് എന്നും സതീശൻ വ്യക്തമാക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ആഴ്ചയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനം നടത്തണമെന്നാണ് തന്റെ അഭ്യർഥനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പറയേണ്ട കാര്യങ്ങൾക്ക് താൻ മറുപടി പറയും. അദ്ദേഹത്തിന്റെ പ്രായത്തോടും ഇരിക്കുന്ന സ്ഥാനത്തോടും ആ സംഘടനയോടും ബഹുമാനമുണ്ട്. തങ്ങളെല്ലാവരും ഗുരുദേവനെ ബഹുമാനിക്കുന്നവരാണെന്നും സതീശൻ പറഞ്ഞു.

മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചർച്ചയും നടക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോം യുഡിഎഫ് ആണ്. എൽഡിഎഫ് ഒന്നും അതിന്റെ അടുത്ത് നിൽക്കില്ല. 15 ലക്ഷം വോട്ടാണ് അഞ്ച് വർഷം കൊണ്ട് തങ്ങൾ കവർ ചെയ്തത്. ഇതിനെക്കാൾ വിപുലീകരിക്കപ്പെട്ട പ്ലാറ്റ്‌ഫോമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് എന്നും സതീശൻ വ്യക്തമാക്കി.

നിയമസഭാ മണ്ഡലത്തിന്റെ കണക്കിൽ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടില്ല എന്ന വിലയിരുത്തലുമായി സിപിഎം മുന്നോട്ട് പോകണമെന്ന് തന്നെയാണ് തന്റെയും നിലപാടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എം.വി ഗോവിന്ദനും പിണറായി വിജയനും അങ്ങനെ വിശ്വസിച്ച് മുന്നോട്ട് പോയിക്കോട്ടെ. സിപിഎമ്മിനെ തോൽപ്പിക്കുന്നതിനെക്കാൾ ബുദ്ധിമുട്ട് തോറ്റു എന്ന് അവരെ വിശ്വസിപ്പിക്കാനാണ്. ഒരു ക്ഷതവുമുണ്ടായിട്ടില്ല എന്ന രീതിയിൽ തന്നെ സിപിഎം മുന്നോട്ട് പോണം. ഭരണവിരുദ്ധ വികാരമില്ല, ജനങ്ങൾ തങ്ങളുടെ കൂടെയാണ്, എൽഡിഎഫിന് ഒരു കോട്ടവുമുണ്ടായിട്ടില്ല എന്ന വിശ്വാസത്തിലാണ് സിപിഎം എങ്കിൽ അവർ അങ്ങനെത്തന്നെ മുന്നോട്ട് പോകട്ടെ എന്നും സതീശൻ പറഞ്ഞു.

Similar Posts