< Back
Kerala
VD Satheeshan letter to cm Gro Vasu release
Kerala

'ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Web Desk
|
7 Sept 2023 11:47 AM IST

ഗ്രോവാസുവിനോടുള്ള പൊലീസിന്റെ സമീപനത്തിൽ മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണരൂപം:

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പികൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുന്നതും ഇതേ പൊലീസാണ്. മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമാറാട്ടവും വ്യാജ രേഖാ നിർമാണവും നടത്തുന്ന സി.പി.എം ബന്ധുക്കളും പൊലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

നിയമസഭ അടിച്ചു തകർത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകൾ എഴുതിത്തള്ളാൻ വ്യഗ്രത കാട്ടിയ സർക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിൻവലിച്ചാൽ എന്താണ് കുഴപ്പം? ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാൽ 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളിൽ പലരുടേയും പ്രായത്തേക്കാൾ പൊതുപ്രവർത്തന പരിചയമുള്ളയാളാണ് വാസുവേട്ടൻ. അങ്ങനെയൊരാളിന്റെ വായ മൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പോലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താൽ അങ്ങയുടെ തല താഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കൾ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പോലീസ് എന്നോർത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദ്ദേഹത്തോടുളള പോലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.

Similar Posts