< Back
Kerala
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഗണേഷിന്റെ രാജി പിണറായി ആവശ്യപ്പെട്ടു, ഇപ്പോള്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്: പ്രതിപക്ഷ നേതാവ്
Kerala

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഗണേഷിന്റെ രാജി പിണറായി ആവശ്യപ്പെട്ടു, ഇപ്പോള്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്: പ്രതിപക്ഷ നേതാവ്

Web Desk
|
10 March 2026 3:37 PM IST

പരാതി കൊടുക്കുന്ന കാര്യം ബിന്ദുവിന്റെ വ്യക്തിപരമായ കാര്യമെന്നും കുറ്റം നടന്നെന്ന് അറിഞ്ഞാല്‍ പൊലീസ് എന്താണ് ചെയ്യേണ്ടതെന്നും സതീശന്‍ ചോദിച്ചു

ന്യൂഡല്‍ഹി: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍രെ കാലത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ ഗണേഷ് കുമാറിന്റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ലഭിച്ച പരാതി പൂഴ്ത്തി വെച്ച് ഗണേഷ് കുമാറിനെ സംരക്ഷിക്കാനാണ് ശ്രമം നടന്നതെന്നും സതീശന്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നും രാജി വെയ്‌ക്കേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

'പരാതി കൊടുക്കേണ്ട കാര്യങ്ങളൊക്കെ അവരാണ് തീരുമാനിക്കേണ്ടത്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണത്. അതിലേക്കൊന്നും ഞങ്ങള്‍ നുഴഞ്ഞുകയറുകയില്ല. അവരെന്ത് ചെയ്‌തെന്നതൊന്നും ഞങ്ങളറിയില്ല, അറിയേണ്ട ആവശ്യവുമില്ല. വിഷയത്തില്‍ പൊലീസ് എന്തുചെയ്‌തെന്നാണ് അറിയേണ്ടത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നാട്ടില്‍ പൊലീസിന് ചില കാര്യങ്ങളൊക്കെ ചെയ്യാനുണ്ടല്ലോ? ഇതെല്ലാം അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതുപോലും കുറ്റമാണ് എന്നിരിക്കെ പൊലീസ് എന്താണ് സംഭവത്തില്‍ ചെയ്തിട്ടുള്ളത്? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴിതാ, അദ്ദേഹം തന്നെ ഗണേഷിനെതിരായ പരാതി പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. മുഖ്യമന്ത്രിയുടേത് കൃത്യമായ ഇരട്ടത്താപ്പ് ആണെന്നുള്ളതില്‍ സംശയമില്ല'. സതീശന്‍ പറഞ്ഞു.

'ഗുരുതരമായ കുറ്റങ്ങളാണ് നടന്നത്. പൊലീസ് അന്വേഷണത്തില്‍ ഇത് തെളിയേണ്ടതുണ്ട്. കേസ് എടുക്കണം. മുഖ്യമന്ത്രി ദയവുചെയ്ത് ആ പഴയ കപ്പുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലരുത്. കപ്പുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രതിപക്ഷം പ്രചാരണത്തിന് ഉപയോഗിക്കും. ഗണേഷിന്റെ സംഭവത്തോടെ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടപ്പെട്ടത് മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റേയും സ്വഭാവമാണ്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളിലും പരാതിയിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടിയെടുക്കേണ്ടത്. ഗണേഷ് കുമാറിന്റെ രാജി പ്രതിപക്ഷമെന്ന നിലയില്‍ ആവശ്യപ്പെടും. രാജി വെയ്‌ക്കേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ് ഞങ്ങള്‍'. സതീശന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ലംഘിക്കപ്പെട്ടുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍തികളെ പ്രഖ്യാപിക്കുമെന്നും സതീശന്‍ പറഞ്ഞു. 'സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച നേതാക്കളെ നേതൃത്വം ശാസിക്കും. താന്‍ മത്സരിക്കുമോയെന്ന കാര്യം പോലും പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ല'. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts