< Back
Kerala

Kerala
'ആശാസമരവും, എയിംസും ചർച്ചാവിഷയമായി'; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വീണാ ജോർജ്
|1 April 2025 5:00 PM IST
ആശമാരുമായി തൊട്ടടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്ന് വീണാ ജോർജ്
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങൾ ചർച്ച ചെയ്തതായി വീണാ ജോർജ് വ്യക്തമാക്കി. 'ആശമാർ ഉയർത്തുന്ന വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇൻസൻ്റീവ് വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടിൽ പ്രതീക്ഷ'യെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
'മെഡിക്കൽ കോളേജുകൾ കാസർകോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തിൽ ചർച്ച വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും കൂട്ടി ഒരു ചർച്ച നടത്തു'മെന്നും മന്ത്രി കൂട്ടിച്ചേർത്തു.