< Back
Kerala
Vellappalli Nadesans Hate Speech is Rss Plan Says KM Shaji
Kerala

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം ആർഎസ്എസിന്റെ പ്ലാനെന്ന് കെ.എം ഷാജി; പൊതുസമൂഹം മറുപടി പറഞ്ഞെന്ന് പി.എം.എ സലാം

Web Desk
|
7 April 2025 8:41 PM IST

വെള്ളാപ്പള്ളി എന്തെങ്കിലും പിരാന്ത് പറഞ്ഞാൽ അതിനൊക്കെ മറുപടി പറയേണ്ടതുണ്ടോയെന്ന് പി.കെ ബഷീർ എംഎൽഎ ചോദിച്ചു.

കോഴിക്കോട്: മലപ്പുറത്തിനെതിരായ എസ്‍എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം ആർഎസ്എസിന്റെ പ്ലാനെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. വെള്ളാപ്പള്ളിയെ നവോഥാന‌ സമിതിയുടെ ചെയർമാൻ ആക്കിയത് മുഖ്യമന്ത്രിയാണ്. വിദ്വേഷ പ്രസം​ഗം സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാജി ആവശ്യപ്പെട്ടു. വർഗീയവാദിയായ വെള്ളാപ്പള്ളിയെ നവോഥാന സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഎം തയാറുണ്ടോയെന്നും കെ.എം ഷാജി ചോദിച്ചു.

വെള്ളാപ്പള്ളിക്കോ ബുദ്ധിയില്ല, മുഖ്യമന്ത്രിക്കും ബുദ്ധിയില്ലേ?. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ അവഗണിക്കുകയല്ല, കരുതലോടെ പ്രതികരിക്കുകയാണ് വേണ്ടത്. വെള്ളാപ്പള്ളി ഒരു വർഗീയ കോടാലിയെന്നും കെ.എം ഷാജി പറഞ്ഞു. വെള്ളാപ്പള്ളി ഒരു നല്ല ഡീലറാണ്. വെള്ളാപ്പള്ളി ശ്രീനാരായണീയർക്ക് വേണ്ടി എന്താണ് ചെയ്തത്?. മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ രാഷ്ട്രീയ ബന്ധമുണ്ടമാക്കിയതല്ലാതെ എന്ത് ചെയ്തു?.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോളജിനായി ഒരു അപേക്ഷ പോലും വെള്ളാപ്പള്ളി കൊടുത്തിട്ടില്ല. യൂണിവേഴ്സിറ്റിയിൽ ആദ്യം അപേക്ഷിക്കട്ടെ. മലപ്പുറത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതു ശ്മശാനമുണ്ട്. എല്ലാ സമുദായത്തിനും ശ്മശാനം ഉണ്ട്. മുസ്‌ലിം ഖബർസ്ഥാന്‍ സമുദായാംഗങ്ങള്‍ വഖഫ് ചെയ്ത ഭൂമിയിലാണുള്ളത്. മലപ്പുറം മുസ്‌ലിം ലീഗിന് തീറെഴുതിയ ജില്ലയൊന്നുമല്ല. ലീഗ് മുന്നണി ധാരണ അനുസരിച്ച് സീറ്റ് നൽകുകയും വോട്ട് ചെയ്യുകയും ചെയ്തു. മതവും ജാതിയും നോക്കിയല്ല വോട്ട് നൽകിയതെന്നും കെ.എം ഷാജി പറഞ്ഞു.

ലീഗ് അസൂത്രണം ചെയ്ത് ഒരു കലാപവും ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളിയേക്കാൾ കൊടുംവിഷം കേരളത്തിൽ വന്നിട്ടുണ്ട്. അതിനെയെല്ലാം നേരിട്ട ചരിത്രമുണ്ട്. സാദിഖ് അലി തങ്ങൾ വിമർശനത്തിന് അതീതൻ അല്ല. തങ്ങൾ രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ വിമർശിക്കപ്പെടുന്നതും കോലം കത്തിക്കുന്നതും സ്വഭാവികമാണെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ പൊതുസമൂഹം മറുപടി പറഞ്ഞെന്നും കൂടുതൽ ചർച്ച ചെയ്യാനില്ലെന്നും മുസ്‍ലിം ലീഗ് ജനറൽ സെകട്ടറി പി.എം.എ സലാം പറഞ്ഞു. വെള്ളാപ്പള്ളി എന്തെങ്കിലും പിരാന്ത് പറഞ്ഞാൽ അതിനൊക്കെ മറുപടി പറയേണ്ടതുണ്ടോയെന്ന് പി.കെ ബഷീർ എംഎൽഎ ചോദിച്ചു.



Similar Posts