< Back
Kerala
Vellappally is poisoning Kerala, should apologize Says KUWJ
Kerala

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു, മാപ്പ് പറയണം: കേരള പത്രപ്രവർത്തക യൂണിയൻ

Web Desk
|
2 Jan 2026 4:12 PM IST

വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താത്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പിയാണെന്ന് ആവർത്തിച്ച് തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്.

അദ്ദേഹത്തെ തിരുത്താൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോഥാനത്തിൻ്റെ ചാലകശക്തിയായ എസ്എൻഡിപി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്തുവരേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന വിധത്തിലുള്ള നിരന്തര പെരുമാറ്റം ജനാധിപത്യത്തിലും സൗഹൃദ സമൂഹത്തിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂർവം തള്ളിക്കളയണം. വിശ്വമാനവികതയുടെ പ്രവാചകൻ ആയിരുന്ന ശ്രീ നാരായണ ഗുരുവിൽ അൽ‌പമെങ്കിലും വിശ്വാസം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതിന് കടകവിരുദ്ധമായ വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണം.

മാധ്യമങ്ങൾ അടക്കം എല്ലാവരും തങ്ങൾ പറയുന്നത് കണ്ണുംപൂട്ടി കേട്ട് മടങ്ങണമെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ധരിച്ചുവശാകുന്നത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. ജനങ്ങൾക്കു വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്ന് കരുതുന്നതു മൗഢ്യമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വ്യക്തമാക്കി.

Similar Posts