
'ഊത്ത്കാർ...'; യൂത്ത് കോൺഗ്രസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി
|കോൺഗ്രസ് നേതാവ് എം. ലിജുവിനെ വേദിയിൽ ഇരുത്തിയായിരുന്നു അധിക്ഷേപ പരാമർശം.
ആലപ്പുഴ: യൂത്ത് കോൺഗ്രസിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ. യൂത്ത് കോൺഗ്രസിനെ ഊത്ത്കാർ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം. ആലപ്പുഴ കരൂരിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് നേതാവ് എം. ലിജുവിനെ വേദിയിൽ ഇരുത്തിയായിരുന്നു അധിക്ഷേപ പരാമർശം.
'ലിജുവിന്റെ ഒരു പാർട്ടിയുണ്ട്. യൂത്തുകാർ. ആ ഊത്തുകാർ പറഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്റെ കോലം കരി ഓയിൽ ഒഴിച്ച് കത്തിച്ചാൽ അവന് സമ്മാനം കൊടുക്കുമെന്ന്. അവനൊരു മൊണ്ണനല്ലേ...'- വെള്ളാപ്പള്ളി പറഞ്ഞു.
ഇന്നലെ മാധ്യമപ്രവർത്തകനെതിരായ തീവ്രവാദ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാമർശം. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റ് ഹാരിസ് മുതൂറാണ് വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവർക്ക് പണവും സമ്മാനവും നല്‍കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തിൽ ഭിന്നിപ്പും സാമുദായിക സ്പർധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.