
വെനസ്വേലൻ അധിനിവേശം: അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം - വെൽഫെയർ പാർട്ടി
|അമേരിക്കയുടെ അധിനിവേശത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം.
തിരുവനന്തപുരം: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈനിക നടപടിയിലൂടെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയ അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വെനസ്വേലയിൽ വ്യാപക അക്രമണങ്ങളാണ് അമേരിക്കൻ സൈന്യം നടത്തിയിരിക്കുന്നത്. അമേരിക്കൻ ഭരണകൂടമെന്നാൽ അധിനിവേശമെന്ന സമവാക്യം വെനസ്വേലയിലും ആവർത്തിക്കപ്പെടുകയാണ്.
ഇതര രാജ്യങ്ങളുടെ മേൽ സാമ്പത്തികമായും സൈനികമായും അതിക്രമണങ്ങൾ നടത്തി ലോകഭരണകൂടമാകാനാണ് അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, സ്വാതന്ത്ര്യബോധവും അഭിമാനബോധവുമുള്ള ലോകജനതകൾ എക്കാലവും ഈ സാമ്രാജ്യത്വ പദ്ധതികളെ ചെറുത്ത് പോന്നിട്ടുണ്ട്. ലോകത്ത് പലയിടങ്ങളിലായി ഇപ്പോഴും ആ ചെറുത്തുനിൽപ് തുടരുന്നുമുണ്ട്. അമേരിക്കൻ അധിനിവേശത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് കൈക്കൊള്ളുകയും ട്രംപ് ഭരണകൂടത്തിന്റെ അതിക്രമങ്ങളെ തുറന്നെതിർക്കുകയും വേണം.
അമേരിക്കൻ അധിനിവേശത്തിനെതിരെ വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തിൽ അണി ചേരണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.