
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു
|ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അഫാൻ ആശുപത്രി വിട്ടത്.
മെയ് 25 രാവിലെ 11 മണിയോടെയാണ് അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യാശ്രമം. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. .
മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.