
'കൊച്ച് സ്കൂള് വിട്ടുവരുന്നത് ഞാൻ കണ്ടിരുന്നു, ചേട്ടന്‍റെയൊപ്പം ബൈക്കിലാണ് വന്നത്'; അയൽവാസി സിന്ധു
|പിന്നീട് കാണുന്നത് വീടിന് മുന്നിൽ പൊലീസ് ജീപ്പൊക്കെ വരുന്നതാണെന്നും സിന്ധു
തിരുവനന്തപുരം: അഫാൻ സഹോദരനായ അഫ്സാനെ ബൈക്കിൽ കൊണ്ടു പോകുന്നത് കണ്ടെന്ന് അയൽവാസി സിന്ധു. തിരിച്ച് അഫ്സാൻ കയ്യിൽ പൊതിയുമായി ഓട്ടോറിക്ഷയിലാണ് വന്നത്. കുട്ടി അടുത്ത വീട്ടിൽ പോയി എന്തോ ചോദിച്ചു. പിന്നീട് കാണുന്നത് വീടിന് മുന്നിൽ പൊലീസ് ജീപ്പൊക്കെ വരുന്നതാണെന്നും സിന്ധു മീഡിയവണിനോട് പറഞ്ഞു.
''സ്കൂള് വിട്ടുവരുന്നത് ഞാൻ കണ്ടിരുന്നു. അവന്‍റെ ചേട്ടന്‍റെയൊപ്പം ബൈക്കിലാണ് വന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോയില്‍ കൈയിലൊരു കിറ്റുമായിട്ട് കൊച്ച് മാത്രം വന്ന്. എപ്പോഴും കൊച്ചിനെ കാണുന്നതാണ്. കടയിൽ സാധനം വാങ്ങാനൊക്കെ അവനാണ് വരുന്നത്. പതുക്കെ വര്‍ത്തമാനം പറയുന്ന കുട്ടിയാണ്. പാവാണ്. അഫാനെ ചെറുപ്പത്തിലേ മുതലെ കാണുന്നതാണ്. ഞങ്ങളിവിടെ വന്നിട്ട് 10 വര്‍ഷമായി. ഞങ്ങളുടെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിക്കുന്നത്. കൊറോണ സമയത്തൊക്കെ ചോദിച്ചിട്ടുണ്ട്, കൊടുത്തിട്ടുണ്ട്. വാപ്പയ്ക്ക് പൈസ അയക്കാൻ ബുദ്ധിമുട്ടാണ് തരുമോ എന്ന് ചോദിച്ചിരുന്നു. ഇവിടെ ഉള്ള സാധനം കൊടുക്കാറുണ്ട്. ഒരു പൈസ പോലും മിച്ചമില്ലാതെ കടം തീര്‍ത്തിട്ടുണ്ട്. നല്ലൊരു പയ്യനാണ്. '' സിന്ധു പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ലത്തീഫിന്‍റെയും ഷാഹിദയുടേയും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അഞ്ച് മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും.