< Back
Kerala
dowry death,kerala,kollam,crime,murder,കൊല്ലം,കൊല്ലം സ്ത്രീധനമരണം,
Kerala

സ്ത്രീധനത്തിന്റെ പേരിൽ 28കാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

Web Desk
|
28 April 2025 7:44 AM IST

കേസിൽ മരിച്ച തുഷാരയുടെ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. 2019 മാർച്ച്‌ 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന തുഷാര മരിച്ചത്. കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2013ലാണ് പൂയപ്പള്ളി ചരുവിളവീട്ടിൽ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം നടന്നത്. ആറ് വർഷം നീണ്ട കുടുംബജീവിതത്തിന് ഒടുവിലാണ് തുഷാരയുടെ മരണം. സ്ത്രീധന തുകയിൽ കുറവ് വന്ന 2 ലക്ഷം രൂപ നൽകിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചു.

മരണവിവരം അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ കുടുംബം കണ്ടത് ശോഷിച്ച് എല്ലും തോലുമായ തുഷാരയുടെ മൃതദേഹം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം വെറും 21 കിലോഗ്രാം.

ആമാശയത്തിൽ ഭക്ഷണ വസ്തുവിന്റെ അംശം ഉണ്ടായിരുന്നില്ല. പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാലിനെയും പ്രതിചേർത്തു. അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള മകളുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി.

കേസിൽ കൊല്ലം അഡീഷണൽ ജില്ലാ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. 28 കാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.


Similar Posts