
ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു
|ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങിപ്പോയി
തൃശൂര്‍: കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്‍റെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റർ ഇറക്കാനാവാതായതോടെ ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തൃശൂരില്‍ കനത്തമഴ പെയ്തതോടെയാണ് ഉപരാഷ്ട്രപതിയുടെ യാത്ര തടസ്സപ്പെട്ടത്.
ഇന്ന് രാവിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം ഒന്‍പത് മണിയോട് കൂടി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായുള്ള എല്ലാ സുരക്ഷയും ക്ഷേത്രത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു. വിവാഹം, ചോറൂണ്‍ തുടങ്ങിയ ചടങ്ങുകളെല്ലാം സന്ദര്‍ശനത്തോടനുബന്ധിച്ച് മാറ്റി ക്രമീകരിച്ചിരുന്നു.
എന്നാല്‍ ഹെലിപാഡില്‍ ഇറങ്ങാനാകാതെ ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.ഇന്ന് കൊച്ചിയില്‍ രണ്ട് പരിപാടികളും ഉപരാഷ്ട്രപതിക്കുണ്ട്. വൈകിട്ട് ചിലപ്പോള്‍ വീണ്ടും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയേക്കാമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.