< Back
Kerala
വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി;  ഇന്ന് കോടതിയില്‍ ഹാജരാക്കും
Kerala

വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

Web Desk
|
22 Jun 2023 7:05 AM IST

ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയെ പാലക്കാടെത്തിച്ചു. അഗളി ഡി.വൈ.എസ്.പി ഓഫീസിലാണ് എത്തിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

അതേസമയം വ്യാജരേഖ നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ. കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്നും വിദ്യ മൊഴി നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന.

കഴിഞ്ഞ 16 ദിവസമായി വിദ്യ ഒളിവിലായിരുന്നു. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് ശ്രമിച്ചതിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേപ്പയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ പേരാമ്പ്ര - വടകര റോഡിലെ പന്നിമുക്കില്‍ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധം നടത്തി. വിദ്യയ്ക്ക് ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.



Similar Posts