
നാളെ വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്; 6,20,000 രൂപ പിടിച്ചെടുത്തു
|കോഴിക്കോട് വയനാട് ജില്ലകളിലായി അഞ്ചിടത്താണ് 14 മണിക്കൂർ നീണ്ട പരിശോധന നടന്നത്
കോഴിക്കോട്: നാളെ വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. 6,20,000 രൂപയും നാല് ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൻ്റെ രേഖകളും കണ്ടെത്തി. സൂപ്രണ്ടിങ് എഞ്ചിനീയർ എം.എസ് ദിലീപിൻ്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലുമായിരുന്നു പരിശോധന.
കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് വയനാട് ജില്ലകളിലായി അഞ്ചിടത്താണ് 14 മണിക്കൂർ നീണ്ട പരിശോധന നടന്നത്. 27 പവൻ സ്വർണ്ണവും പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 117 രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ദിലീപിൻ്റെ ചക്കരോത്ത്ക്കുളത്തെയും വയനാട് നെൻമേനിയിലെ വീടുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. 2013 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ദിലീപ് 56 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വീടുകളിൽ പരിശോധന നടത്തിയത്.