
Photo | MediaOne
'ഓപ്പറേഷൻ വനരക്ഷ': വനംവകുപ്പ് ഓഫീസുകളിൽ പരിശോധന കർശനമാക്കി വിജിലൻസ്
|നിലമ്പൂരിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ അനധികൃത ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാടുകൾ നടന്നതായി കണ്ടെത്തി.
മലപ്പുറം: 'ഓപ്പറേഷൻ വനരക്ഷ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വനംവകുപ്പ് ഓഫീസുകളിൽ പരിശോധന കർശനമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിലമ്പൂർ സൗത്ത്, എടവണ്ണ റേഞ്ച് ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
വനമേഖലയിലെ ഫെൻസിങ് അടക്കമുള്ള നടപടികൾ സർക്കാർ നിഷ്കർഷിച്ച പ്രകാരമാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധന. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിൽ നടത്തിയ പരിശോധനയിൽ അനധികൃത ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാടുകൾ നടന്നതായി കണ്ടെത്തി.
എന്തിനു വേണ്ടിയാണ് അക്കൗണ്ട് നിർമിച്ചത്, എവിടെ നിന്നെല്ലാമാണ് അക്കൗണ്ടിലേക്ക് പണമെത്തിയത്, എങ്ങോട്ടെല്ലാം പണം അയച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളാണ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നത്.
തൃശൂർ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും പരിശോധന നടക്കുകയാണ്. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂരിലെ പരിശോധന.