< Back
Kerala
വിജിലൻസിന്റെ ക്ലീൻചിറ്റ്​: അജിത്​ കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്; വി.ഡി സതീശൻ
Kerala

വിജിലൻസിന്റെ ക്ലീൻചിറ്റ്​: അജിത്​ കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്; വി.ഡി സതീശൻ

Web Desk
|
22 Dec 2024 11:50 AM IST

‘സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം നടപ്പാക്കുന്നത്​’

കൊച്ചി: അനധികൃത സ്വത്ത്​ സമ്പാദന പരാതിയിൽ എഡിജിപി അജിത്​ കുമാറിന്​ വിജിലൻസിന്റെ ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവി വി.ഡി സതീശൻ. അജിത്​ കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണാറായി വിജയനുണ്ടെന്നും സതീശൻ പറഞ്ഞു.

'എം.ആര്‍ അജിത് കുമാറിന് ഒരു സസ്‌പെന്‍ഷന്‍ പോലും നല്‍കാതെയാണ് ഡിജിപിയായി സ്ഥാനക്കയറ്റം നൽകുന്നത്. അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്ത് കൊടുത്തു. അദ്ദേഹത്തിന്റെ താഴെയുള്ള ഉദ്യോഗസ്ഥരെകൊണ്ട് കേസ് അന്വേഷപ്പിച്ച് ഒരു കുഴപ്പവും ഇല്ലെന്ന ക്ലീന്‍ചിറ്റ് വാങ്ങി. ഇത് ഇങ്ങനെ തന്നെ സംഭവിക്കും എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം മുഴുവന്‍ പ്രഹസനമായി മാറും എന്ന് പ്രതിപക്ഷം ആദ്യം തന്നെ പറഞ്ഞിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ആദ്ദേഹത്തിനെതിരായി ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അദ്ദേഹം ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും' വി.ഡി സതീശൻ പറഞ്ഞു.

'മുണ്ടക്കെ പുനരധിവാസത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്​ പണം നല്‍കില്ല എന്നത്​ ധാര്‍ഷ്ഠ്യമാണ്. നാലര മാസമായി പുനരധിവാസത്തിനുള്ള സ്ഥലം പോലും കണ്ടുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കൂടാതെ ദുരിത ബാധിതര്‍ക്കായി ഒരു അബദ്ധ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. എല്‍പി സ്‌കൂളുകളിലെ കുട്ടികള്‍ ഇതിലും നന്നായി ദുരിത ബാധിത പട്ടിക തയ്യാറാക്കും. നാല് മന്ത്രിമാരെയാണ് ഇതിന്​ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ നാലുപേരും ഒരുമിച്ച് ഇതുവരെ അവിടെ പോയിട്ടില്ലെന്നും' വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

'സിപിഎം പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് എടുക്കുന്നത്. നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്കാഗാന്ധി തീവ്രവാദികളുടെ വോട്ടുകൊണ്ടാണ് വിജയിച്ചതെന്ന് വിജയരാഘവന്‍ അല്ലാതെ മറ്റാരും പറയില്ല. സോഷ്യല്‍ മീഡിയയില്‍ വിജയരാഘവന്‍ യുഡിഎഫിന്റെ ഐശ്വര്യം എന്ന ഒരു ട്രോള്‍ ഞാന്‍ കണ്ടു. സത്യത്തില്‍ അതുതന്നെയാണ് സംഭവിക്കുന്നത്. സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം നടത്തുന്നതെന്നും' വി.ഡി സതീശൻ പറഞ്ഞു

പിഎസ്‌സി വിവരചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരായ ക്രൈംബ്രാഞ്ച് നടപടിയിലും വി.ഡി സതീശൻ പ്രതികരിച്ചു. സ്റ്റാലിന്റെ റഷ്യ അല്ല, ഇത് കേരളമാണെന്ന് പിണറായി വിജയൻ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Similar Posts