< Back
Kerala
വിദേശത്ത് ഒളിവിലുള്ള നടൻ വിജയ് ബാബു തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തിയേക്കും
Kerala

വിദേശത്ത് ഒളിവിലുള്ള നടൻ വിജയ് ബാബു തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തിയേക്കും

Web Desk
|
28 May 2022 6:26 AM IST

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലുള്ള നടൻ വിജയ് ബാബു തിങ്കളാഴ്ച പുലർച്ചെ മടങ്ങിയെത്തിയേക്കും. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. നിയമത്തിന്‍റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്‍റെ നീക്കം. എന്നാൽ മടങ്ങിയെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു. മുപ്പതാം തിയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി വിജയ് ബാബു യാത്രാരേഖകൾ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് വിജയ് ബാബു കോടതിയിൽ ആവർത്തിച്ചു. നടിയുമായുളള വാട്സാപ്പ് ചാറ്റുകളുടെ കൂടുതൽ പകർപ്പുകളടക്കം വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.

മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്‍റില്‍ വച്ചും മാർച്ച് 22 ന് ഒലിവ് ടൗൺ ഹോട്ടലിൽ വച്ചും വിജയ് ബാബു പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതി ഉയർന്ന സാഹചര്യത്തിൽ നാട് വിട്ടതല്ലെന്നും ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് ദുബായിലെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം. ദുബൈയിലെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ കൈമാറിയ യുവനടിയെയും പൊലീസ് ചോദ്യം ചെയ്തേക്കും. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ കൈമാറിയത്.

Similar Posts