< Back
Kerala
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Web Desk
|
14 Jun 2022 6:53 AM IST

ബലാത്സംഗം ചെയ്‌തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍റെ ആവശ്യപ്രകാരം കേസില്‍ ഇന്നലെ രഹസ്യ വാദം നടത്തിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരോട് കോടതി മുറിയിൽനിന്നും പുറത്തു പോകാൻ നിർദേശം നൽകി. കോടതി മുറിയിൽ നിന്നു പുറത്തുപോകാൻ മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.

ബലാത്സംഗം ചെയ്‌തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.

പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപെടുത്തിയ കേസിലും വിജയ് ബാബുവിന്‍റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്നുവരെ നീട്ടിയിട്ടുണ്ട്. കേസിനെത്തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം. സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.


Similar Posts