< Back
Kerala
പൊലീസുകാരെ കടിച്ചു, സ്റ്റേഷനിലെ  വാഹനം തകർത്തു; കരിങ്കുന്നത്ത്  സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍
Kerala

പൊലീസുകാരെ കടിച്ചു, സ്റ്റേഷനിലെ വാഹനം തകർത്തു; കരിങ്കുന്നത്ത് സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍

Web Desk
|
19 March 2023 6:49 AM IST

തല ഭിത്തിയിലിടിപ്പിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഏറെ പണിപ്പെട്ടാണ് പൊലീസുകാർ കീഴടക്കിയത്

ഇടുക്കി: കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം. മുണ്ടക്കയം സ്വദേശിയായ ഷാജിയാണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് വാഹനത്തിന്റെ ഗ്ലാസും സ്റ്റേഷനിലെ സി.സി.ടി.വി കാമറകളും തകർത്ത യുവാവ് പൊലീസുകാരെയും ആക്രമിച്ചു.

തൊടുപുഴ പാലാ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷാജി. മറ്റൊരു ബസിൽ യാത്ര ചെയ്യവെ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചതാണ് ഷാജിയെ ചൊടിപ്പിച്ചത്. ഇതോടെ ഉന്തും തള്ളുമുണ്ടായി. ബസിലെ യാത്രക്കാർ വിവരമറിയിച്ചതോടെ കരിങ്കുന്നം പൊലീസ് ഷാജിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ അസഭ്യവർഷവും ആക്രമണവും തുടങ്ങി. ആക്രമണത്തിൽ എസ്.ഐ.യുടെ കൈക്ക് പരിക്കേറ്റു. മറ്റൊരു പൊലീസുകാരനെ ഷാജി കടിക്കുകയും ചെയ്തു. തല ഭിത്തിയിലിടിപ്പിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഏറെ പണിപ്പെട്ടാണ് പൊലീസുകാർ കീഴടക്കിയത്.

കൂടുതൽ അക്രമാസക്തനായതോടെ ഷാജിയുടെ സുഹൃത്തുക്കളെ പൊലീസ് വിളിച്ചു വരുത്തി. ഏതാനും വർഷങ്ങളായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി. കോടതിയിൽ വച്ച് മജിസ്‌ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിലും തലയോലപ്പറമ്പിൽ ഒരു കേസിലും ഷാജി പ്രതിയാണെന്ന് പൊലീസും പറഞ്ഞു.

Similar Posts