< Back
Kerala
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനമേറ്റ സംഭവം: ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഐഎ കോടതി
Kerala

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനമേറ്റ സംഭവം: ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഐഎ കോടതി

Web Desk
|
20 Nov 2025 10:52 PM IST

പൊതുമരാമത്ത് വകുപ്പിൻ്റെയും ജയിൽ സൂപ്രണ്ടിൻ്റെയും വാദത്തിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി: വിയ്യൂർ അതിസുരക്ഷാ ജയിലിലെ മർദനത്തിൽ ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഐഎ കോടതി. നടപടി എടുക്കാതിരിക്കാൻ കാരണം വിശദീകരിച്ച് സൂപ്രണ്ട് നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണം. പൊതുമരാമത്ത് വകുപ്പിന്റെയും ജയിൽ സൂപ്രണ്ടിന്റെയും വാദത്തിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പിഡബ്ലുഡി ഇലക്ട്രോണിക്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ ഓൺലൈനിൽ ഹാജരാകണം. പരിക്കേറ്റ മനോജിന്റെ ചികിത്സാ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.

മർദനമേറ്റതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റഡിയിൽ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സ്വദേശി മനോജിനെ ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം നല്‍കിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ കോയമ്പത്തൂർ സ്വദേശി അസ്ഹറുദ്ദീന് ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

മനോജിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാനാണ് എൻഐഎ കോടതിയുടെ ആവശ്യം. നിലവിൽ കണ്ണൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. മർദനം സംബന്ധിച്ച് ജയിൽ അധികൃതർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ, മനോജിന്റെയും അസ്ഹറുദ്ദീന്റെയും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദേശിച്ചു.

Similar Posts