< Back
Kerala
വിഴിഞ്ഞം ഉദ്‌ഘാടനം; ചടങ്ങിൽ പങ്കെടുക്കില്ലെന്നുറച്ച് വി.ഡി സതീശൻ
Kerala

വിഴിഞ്ഞം ഉദ്‌ഘാടനം; ചടങ്ങിൽ പങ്കെടുക്കില്ലെന്നുറച്ച് വി.ഡി സതീശൻ

Web Desk
|
30 April 2025 4:11 PM IST

ഉദ്ഘാടന ദിവസം യുഡിഎഫ് യോഗം നിശ്ചയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്ഘാടന ദിവസം യുഡിഎഫ് യോഗം നിശ്ചയിച്ചു. മെയ് രണ്ടിന് രാവിലെ 10.30ന് കോഴിക്കോടാണ് യോഗം. പ്രതിപക്ഷ നേതാവ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

വിവാദങ്ങൾക്ക് പിന്നാലെയാണ് വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശന് ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം. വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.

വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയാണോയെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദര്‍ശനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നതും സര്‍ക്കാരിനെ യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു. പിന്നാലെയാണ് തുറമുഖ മന്ത്രിയുടെ കത്ത് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്.

Similar Posts