< Back
Kerala
സമരം അവസാനിച്ചു; വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
Kerala

സമരം അവസാനിച്ചു; വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

Web Desk
|
8 Dec 2022 3:11 PM IST

പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പദ്ധതി പ്രദേശത്തേക്ക് കൂടുതൽ ലോഡുകൾ എത്തിച്ചു. മുല്ലൂർ കവാടത്തിനു മുന്നിലെ സമരപ്പന്തൽ ഇന്നലെയാണ് പൊളിച്ചു നീക്കിയത്. പകലും രാത്രിയുമായി നിർമാണ പ്രവർത്തനം നടത്താനാണ് ആലോചന.

സമരം മൂലം നഷ്ടപ്പെട്ട സമയം പരിഹരിക്കാൻ ഇരട്ടി വേഗത്തിൽ നിർമ്മാണം നടത്താനാണ് അദാനി ഗ്രൂപ്പിൻറെ തീരുമാനം. പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും. നേരത്തെ 15,000 കല്ലുകളാണ് ഇട്ടിരുന്നത്. കല്ലുകളുമായുള്ള ലോഡുകൾ പത്തരയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. തുറമുഖ നിർമ്മാണത്തിന് ആവശ്യമായ മറ്റു സാമഗ്രികളും എത്തിച്ചിട്ടുണ്ട്.

സമരം അവസാനിപ്പിച്ച് പന്തൽ പൊളിച്ചെങ്കിലും, ലോഡുകൾ വരുന്നത് കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം തീരത്തുള്ള ബാർജുകളും ഉടൻ എത്തിക്കും. 400 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനാണ് നീക്കം. ആറുമാസത്തിലേറെയായി വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചിരിക്കുകയായിരുന്നു.

Similar Posts