< Back
Kerala
വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതാ ബിഷപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം
Kerala

വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതാ ബിഷപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം

Web Desk
|
5 Sept 2022 6:42 AM IST

മത്സ്യത്തൊഴിലാളി പുനരധിവാസ നിധി വിതരണം ബഹിഷ്‌കരിക്കാനും തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. സമരം കേരളം മുഴുവൻ വ്യാപിപ്പിക്കാൻ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസനിധി വിതരണം ബഹിഷ്‌കരിക്കുമെന്നും ലത്തീൻ സഭ നേതൃത്വം അറിയിച്ചു.

വിഴിഞ്ഞത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ഉപവാസ സമരം രാവിലെ തുടങ്ങും. ലത്തീൻ സഭയിലെ മുതിർന്ന വൈദികരും ഇന്ന് ഉപവസിക്കും. തുടർന്ന് റിലേ ഉപവാസ സമരത്തിലേക്ക് നീങ്ങും. ഉപവാസ സമരം പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. സർക്കാർ ഇന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ നിധി വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പരിപാടി ബഹിഷ്‌കരിക്കുമെന്നും സമരം പൊളിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സഭ നേതൃത്വം അറിയിച്ചു.

ബിഷപ്പ് ഹൗസിൽ ചേരുന്ന കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗത്തിൽ സമരം കടുപ്പിക്കാൻ തീരുമാനിച്ചു. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായി മൂലമ്പള്ളിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് മാർച്ച് നടത്തും. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു.

Similar Posts