
'രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണം, എംഎൽഎ സ്ഥാനവും രാജിവെക്കണം': വി.എം സുധീരൻ
|കോൺഗ്രസ് പാർട്ടിയിൽ തുടരാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടെന്നും സുധീരൻ മീഡിയവണിനോട്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ മീഡിയവണിനോട് പറഞ്ഞു.
'പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയധാര്‍മികത കൂടെ പാലിക്കേണ്ടതുണ്ട് പ്രധാനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാനുള്ള ഒരു യോഗ്യതയും അദ്ദേഹത്തിനില്ല.' സുധീരന്‍ വ്യക്തമാക്കി.
'വിഷയത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടി മാതൃകാപരമായ തീരുമാനമാണ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പുറത്താക്കണം.'
അതോടൊപ്പം നിയമസഭാ അംഗത്വം രാജിവെച്ച് ഒഴിവായി പോകുന്നതാണ് ഉചിതമെന്നും അക്കാര്യം പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത് വൈകുമെന്നാണ് സൂചനകള്‍. അത്തരം നടപടികള്‍ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.'
നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുല്‍ നിയമസഭയില്‍ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങള്‍ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.