< Back
Kerala
കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി; മത്സരം സിപിഎമ്മും ബിജെപിയും തമ്മിൽ; ബഹിഷ്കരിച്ച് കോൺഗ്രസ്
Kerala

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി; മത്സരം സിപിഎമ്മും ബിജെപിയും തമ്മിൽ; ബഹിഷ്കരിച്ച് കോൺഗ്രസ്

Web Desk
|
22 Feb 2026 9:55 AM IST

തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു

തൃശൂർ: സഹകരണ മേഖലയെ പിടിച്ചുലച്ച ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. 13 അംഗ ഭരണസമിതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 9 മണി മുതൽ ആണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്.

തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചിരിക്കുകയാണ്.

പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പൊലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്.

2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്. ഇത്തവണ പ്രതിഷേധം കാരണം 2,000 പേർ മാത്രമേ വോട്ടു ചെയ്യൂവെന്നും അതു തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, ബാങ്കിൻ്റെ ഭരണം നിലനിർത്തേണ്ടത് സിപിഎമ്മിന് അഭിമാനപ്രശ്‌നമാണ്.

Similar Posts