< Back
Kerala
പിണറായിക്കെതിരെ മത്സരിക്കാന്‍ വി.പി അബ്ദുല്‍ റഷീദ്; ധര്‍മടത്ത് കോൺഗ്രസ് സ്ഥാനാര്‍ഥിയാകും
Kerala

പിണറായിക്കെതിരെ മത്സരിക്കാന്‍ വി.പി അബ്ദുല്‍ റഷീദ്; ധര്‍മടത്ത് കോൺഗ്രസ് സ്ഥാനാര്‍ഥിയാകും

Web Desk
|
17 March 2026 9:39 AM IST

ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് റഷീദിന്റെ പേരിലേക്ക് നേതൃത്വം എത്തിയത്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിൽ പിണറായി വിജയനെതിരെ വി.പി അബ്ദുല്‍ റഷീദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ധര്‍മടത്ത് അബ്ദുല്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ധാരണയായി. നേരത്തെ,റഷീദിനെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് ആരെ സ്ഥാനാര്‍ഥിയാക്കുമെന്നത് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ മുന്‍പില്‍ തുടക്കം മുതലേ വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് റഷീദിന്റെ പേരിലേക്ക് നേതൃത്വം എത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി.പി അബ്ദുല്‍ റഷീദിന്‍റെ പേര് തളിപ്പറമ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, സിപിഎം വിമത സ്ഥാനാര്‍ഥിയായി ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ മത്സരിക്കാനെത്തിയതോടെ റഷീദിനെ ധര്‍മടത്തേക്ക് പരിഗണിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ടി.കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണക്കുമെന്നാണ് വിവരം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഏറെ നേരത്തെ അനിശ്ചിതങ്ങള്‍ക്കും തലവേദനകള്‍ക്കുമൊടുവില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസില്‍ ധാരണയായത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Similar Posts