< Back
Kerala
vp anil
Kerala

'പി.വി. അൻവർ പാർട്ടിക്ക് ഒരു പാഠമല്ല, ഒരു പോറൽ പോലുമേൽപ്പിച്ചിട്ടില്ല'; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ

Web Desk
|
4 Jan 2025 7:20 AM IST

സിപിഎം സ്വതന്ത്രന്‍മാരെ പരീക്ഷിക്കുന്നത് ഒരു അന്‍വറിനെ കൊണ്ടുവരുന്നതിലൂടെ മാത്രമല്ല

കോഴിക്കോട്: പി.വി. അൻവർ പാർട്ടിക്ക് ഒരു പാഠമല്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ. സിപിഎമ്മിന് ഒരു പോറൽ പോലുമേൽപ്പിക്കാൻ അൻവറിന് സാധിച്ചിട്ടില്ല. സ്വതന്ത്രൻമാരുമായുള്ള പരീക്ഷണം ഇനിയും തുടരുമെന്നും അനിൽ മീഡിയവണിനോട് പറഞ്ഞു.

''പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമാണ്. സിപിഎം ഒരു പ്രതിസന്ധി നേരിടുന്നില്ല. അതേസമയം രാജ്യത്തിനകത്ത് സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതിലോമ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുമതല. അതിനോടൊപ്പം തന്നെ അവരുയര്‍ത്തുന്ന പ്രതിലോമ രാഷ്ട്രീയത്തിന്‍റെ അരക്ഷിതാവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ..ആ വിഭാഗത്തെ ന്യൂനപക്ഷ തീവ്രവാദ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍. അതും അപകടരമായ സാഹചര്യമാണ്. ഇതിന് രണ്ടിനുമെതിരായി ഏറ്റവും ശക്തമായ നിലപാട് ഇടതുപക്ഷം മുന്നോട്ടുകൊണ്ടുപോകും.

സിപിഎം സ്വതന്ത്രന്‍മാരെ പരീക്ഷിക്കുന്നത് ഒരു അന്‍വറിനെ കൊണ്ടുവരുന്നതിലൂടെ മാത്രമല്ല. അതിനു മുന്‍പും കേരള രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരവധി സ്വതന്ത്രന്‍മാരെ കൊണ്ടുവന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ ഈ പരീക്ഷണം പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത് പാര്‍ലമെന്‍ററി രംഗത്ത് മാത്രമല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ പൊതുവായ പ്രവര്‍ത്തനരംഗത്ത് സഹകരിക്കാന്‍ കഴിയാവുന്ന എല്ലാ സഹയാത്രികരെയും വ്യത്യസ്ത മേഖലക്കകത്ത് യോജിപ്പിച്ചാണ് കൊണ്ടുപോകുന്നത്. അത് പാര്‍ലമെന്‍ററി രംഗത്ത് വിജയകരമായ മുന്നേറ്റത്തിന് ആവശ്യമാണോ ആ രംഗത്ത് അത്തരം ആളുകളെയും ഉപയോഗപ്പെടുത്തും. പി.വി. അന്‍വര്‍ ഒരു പാഠവുമല്ല, അദ്ദേഹം അദ്ദേഹത്തിന്‍റെ നിലപാടുകള്‍ മാറ്റി പോയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു പോറലുപോലുമേല്‍പ്പിച്ചിട്ടില്ല. അത് ഇതുവരെയുള്ള കാര്യങ്ങളില്‍ നിന്നും വ്യക്തമാണല്ലോ? അതുകൊണ്ട് അതൊരു പാഠമായിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നില്‍ മാറുന്നില്ല'' അനില്‍ വ്യക്തമാക്കി.


Related Tags :
Similar Posts