< Back
Kerala
വി.എസ് മാരാരിക്കുളത്ത് തോല്‍ക്കേണ്ടയാളല്ല, ചുമതലപ്പെടുത്തിയ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണത്: ജി. സുധാകരന്‍
Kerala

വി.എസ് മാരാരിക്കുളത്ത് തോല്‍ക്കേണ്ടയാളല്ല, ചുമതലപ്പെടുത്തിയ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണത്: ജി. സുധാകരന്‍

Web Desk
|
22 July 2025 12:28 PM IST

ഇന്നലെ 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് തോല്‍ക്കേണ്ടയാളല്ലെന്ന് ജി. സുധാകരന്‍. ചുമതലപ്പെടുത്തിയ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് വി.എസ് തോൽക്കാൻ കാരണമെന്ന് ജി. സുധാകരന്‍ പറഞ്ഞു.

വി.എസ് അന്ന് ജയിച്ച് മുഖ്യമന്ത്രി ആവേണ്ടയാളായിരുന്നു. വെറും മൂന്ന് സീറ്റിന്റെ വ്യത്യാസത്തിലാണ് അന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. അദ്ദേഹം ജയിച്ച സമയത്തും ഞങ്ങള്‍ പ്രതിപക്ഷത്താവേണ്ടി വന്നു. വി.എസിന്റെ തോല്‍വിയില്‍ നടപടി എടുത്തിരുന്നു. എന്നാല്‍ അതില്‍ പങ്കില്ലാത്ത ഏരിയാ സെക്രട്ടറി ഭാസകരനെതിരെയാണ് നടപടിയെടുത്തത്. 7000 വോട്ടുകള്‍ക്ക് വി.എസ് പുറകിലാണെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും അത് ഏരിയാ സെക്രട്ടറി ഭാസകരനെപോലും കാണിക്കാതെ ചിലർ മേശയുടെ അകത്തുവച്ച് പൂട്ടിയെന്നും ജി. സുധാകരന്‍ കൂട്ടിച്ചേർത്തു.

ഇന്നലെ 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.

വാർത്ത കാണാം:


Similar Posts