< Back
Kerala
പിണറായി സർക്കാരിന് പഠിക്കാൻ പറ്റിയ മാതൃകയാണ് ഗുജറാത്ത്: വി.ടി ബല്‍റാം
Kerala

പിണറായി സർക്കാരിന് പഠിക്കാൻ പറ്റിയ മാതൃകയാണ് ഗുജറാത്ത്: വി.ടി ബല്‍റാം

Web Desk
|
27 April 2022 1:33 PM IST

ഗുജറാത്ത് ഒരിക്കലും ഒരു മോഡലല്ല. അവിടെ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ യുഡിഎഫ്. പിണറായി വിജയന്‍റെ കേരള സർക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഗുജറാത്ത് ഒരിക്കലും ഒരു മോഡലല്ല. അവിടെ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങൾ പഠിക്കുന്നതെന്നും പഠിച്ചാലേ നടപ്പിലാക്കാൻ പറ്റുമോയെന്ന് അറിയാൻ കഴിയുകയുള്ളുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയും നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്നാണ് പുറത്തിറക്കിയത്. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി.

2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്,കണ്‍ട്രോള്‍,കംപ്യൂട്ടര്‍,കമ്മ്യൂണിക്കേഷന്‍,കോംബാറ്റ് എന്നി 5c കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശവാദം . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.

Related Tags :
Similar Posts