
വഖഫ് ഭേദഗതി നിയമം: മതസ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം; ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
|'വിശ്വാസികളുടെ താൽപര്യ പ്രകാരം നിലനിൽക്കേണ്ട വഖ്ഫ് സ്വത്തുക്കൾ കയ്യടക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്'
കോഴിക്കോട്: ഭരണഘടനയുടെ മൗലിക തത്വങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും പൂർണ്ണമായി ലംഘിക്കുന്ന വിധത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമാണെന്നും ആൾ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് കേരള കർമ്മസമിതി.
വിശ്വാസികളുടെ താൽപര്യ പ്രകാരം നിലനിൽക്കേണ്ട വഖഫ് സ്വത്തുക്കൾ കയ്യടക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്. പാർലമെന്റിലും രാജ്യസഭയിലും ഇന്ത്യ മുന്നണി ഉൾപ്പെടെ മതേതര രാഷ്ട്രീയ ശക്തികൾ ഒന്നിച്ചു പ്രതിഷേധിച്ചിട്ടും ജനാധിപത്യ ശബ്ദങ്ങളെ അവഗണിച്ചുകൊണ്ട് ബിൽ പാസാക്കപ്പെട്ടത് അങ്ങേയറ്റം പ്രതിഷേധകരമാണെന്നും യോഗം വിലയിരുത്തി.
ഭരണഘടനാ താൽപര്യങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും ഹനിക്കുന്ന കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതി നിയമം വഖഫ് ബോർഡിന്റെ സ്വതന്ത്ര്യവും അധികാരവും ഇല്ലാതാക്കുന്നതിനാൽ ഈ നിയമം അടിയന്തിരമായി പിന്‍വലിക്കണമെന്നും യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യത്തെയും അവകാശ സംരക്ഷണത്തെയും സംബന്ധിച്ച സുപ്രധാന വിഷയമായതിനാൽ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും സാംസ്കാരിക നായകന്മാരും ഈ നിയമത്തിനെതിരെ രംഗത്ത് വരണമെന്നും അഖിലേന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ജനാധിപത്യപരമായ പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കണമെന്നും എല്ലാ മുസ്‌ലിം സംഘടനകളോടും നേതാക്കളോടും പൊതുജനങ്ങളോടും യോഗം ആഹ്വാനം ചെയ്തു.
ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ആഹ്വാനം ചെയ്ത വഖഫ് വാരാചരണം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മൗലാന അബ്ദുൽ ഷുക്കൂർ ഖാസിമി, അഡ്വ പി.എം.എ സലാം, നാസർ ഫൈസി കൂടത്തായി, ഡോക്ടർ ഫസൽ ഗഫൂർ, ടി. ശാക്കിർ, സമദ് കുന്നക്കാവ്, അബ്ദുല്ലത്തീഫ് മദനി, ഹാഫിസ് മുസമ്മിൽ കൗസരി, അഡ്വക്കറ്റ് മുഹമ്മദ് ഹനീഫ്, അബ്ദുസ്സലാം മൗലവി കാഞ്ഞിപ്പുഴ, നാസർ ബാലുശ്ശേരി, അഡ്വാക്കറ്റ് പി.കെ ഇബ്രാഹിം, തുടങ്ങിയ മുസ്‌ലിം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഹാഫിസ് അബ്ദുൽ ഷുക്കൂർ മൗലവി സ്വാഗതവും യൂസുഫ് മുഹമ്മദ് നദവി നന്ദിയും പറഞ്ഞു.