< Back
Kerala
വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Kerala

വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
15 Sept 2025 12:57 PM IST

ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിച്ച വിധിയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു

കോഴിക്കോട്: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ആശ്വാസകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രിംകോടതിക്ക് ബോധ്യമായെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണ്ണയിക്കാൻ കലക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണെന്ന് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് എക്സ്-ഒഫീഷ്യോ ഓഫീസർ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോർഡുകളിലെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിക്കുന്നുണ്ട്. ഇതെല്ലാം മുസ്‌ലിം ലീഗ് ഹരജിയിൽ ഉന്നയിച്ച സുപ്രധാന കാര്യങ്ങൾ കൂടിയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഈ വിഷയത്തിൽ നിയമം പാസ്സാക്കിയത്. മുസ്‌ലിം ലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി സ്വാഗതർഹമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിച്ച വിധിയെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു.

Similar Posts