< Back
Kerala
വഖഫ് ഭേദഗതി ബിൽ; മതേതര പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് ജിഫ്രി തങ്ങൾ
Kerala

വഖഫ് ഭേദഗതി ബിൽ; മതേതര പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് ജിഫ്രി തങ്ങൾ

Web Desk
|
2 April 2025 9:11 AM IST

'വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ ഇന്ത്യൻ മുസ്‌ലിംകൾ ഗൗരവപൂർവം നിരീക്ഷിക്കുകയാണ്'

കോഴിക്കോട്: ഇന്ത്യൻ മുസ്‌ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖഫ് ഭേദഗതി ബിൽ പാർലമെന്റില്‍ വരുമ്പോൾ മതേതര പാർട്ടികൾ നീതിപൂർവം ചുമതല നിർവ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

'കടുത്ത വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകർന്ന് പോവുന്നത് നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ ഭരണഘടനയും നാടിൻ്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം.

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിശ്വാസത്തിൻ്റെ ഭാഗമായി അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നതാണ് വഖ്ഫ് ഭൂമി. അത് വിൽക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ലെന്നതാണ് ഇസ്‌ലാമിക നിയമം. അത് ആരുടേയും കയ്യേറ്റ സ്വത്തല്ല. അത് സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെൻ്റ് നിയമം പാസാക്കിയതുമാണ്.

ഇതിനെ തെറ്റുദ്ധരിപ്പിച്ച് കൊണ്ട് വഖഫ് സ്വത്തുക്കൾ കയ്യേറാൻ അവസരമൊരുക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അതിൻ്റെ പേരിലുള്ള നുണപ്രചാരണങ്ങളിൽ മതേതര പാർട്ടികൾ വീണുപോവരുതെന്നും തങ്ങൾ പറഞ്ഞു.

ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ ഇന്ത്യൻ മുസ്‌ലിംകൾ ഗൗരവപൂർവ്വം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts