< Back
Kerala
വഖഫ് ഭേദഗതി: സുപ്രിംകോടതി ഉത്തരവ് ആശ്വാസകരമല്ല, നിയമം പിന്‍വലിച്ച് ആശങ്ക പരിഹരിക്കണം; പിഡിപി
Kerala

വഖഫ് ഭേദഗതി: സുപ്രിംകോടതി ഉത്തരവ് ആശ്വാസകരമല്ല, നിയമം പിന്‍വലിച്ച് ആശങ്ക പരിഹരിക്കണം; പിഡിപി

Web Desk
|
16 Sept 2025 6:39 PM IST

''മതസ്വാതന്ത്ര്യവും ഭരണഘടനാ അവകാശവും നിഷേധിച്ചുകൊണ്ട് നടപ്പിലാക്കിയതാണ് വഖഫ് ഭേദഗതി നിയമം. വഖഫ് ഭേദഗതി നിയമം റദ്ദാക്കപ്പെടുകയാണ് വേണ്ടത്''

കൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിയമത്തിന്റെ തീവ്രതയെ ലഘൂകരിച്ച് കാണിക്കുന്ന പൊടിക്കൈകള്‍ മാത്രമാണെന്നും ആശങ്കകള്‍ തുടരുകയാണെന്നും പിഡിപി കേന്ദ്രകമ്മിറ്റി.

മതസ്വാതന്ത്ര്യവും ഭരണഘടനാ അവകാശവും നിഷേധിച്ചുകൊണ്ട് നടപ്പിലാക്കിയതാണ് വഖഫ് ഭേദഗതി നിയമം. വഖഫ് ഭേദഗതി നിയമം റദ്ദാക്കപ്പെടുകയാണ് വേണ്ടത്.

വഖഫ് വസ്തുക്കളില്‍ തര്‍ക്കമുന്നയിച്ചാല്‍ അന്ന് മുതല്‍ അത് വഖഫല്ല എന്ന വ്യവസ്ഥ സ്റ്റേ ചെയ്തതും, തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണെന്ന വ്യവസ്ഥ സ്റ്റേ ചെയ്തതും മാത്രമാണ് നേരിയ ആശ്വാസം.

ഒരു വസ്തു വഖഫ് ചെയ്യാന്‍ 5 വര്‍ഷം മുസ്‌ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന വകുപ്പ് സ്റ്റേ ചെയ്തത് ആശ്വാസകരമാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രാധികാരം നല്‍കി ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നത് വരെ എന്നാക്കിയത് ഭരണകൂടം ദുരുപയോഗം ചെയ്യുന്നതാണ്. വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന വ്യവസ്ഥ പൂര്‍ണ്ണമായും റദ്ദാക്കേണ്ടതുണ്ട്‌. വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് മുസ്‌ലിം മത വിശ്വാസികള്‍ മാത്രമായിരിക്കണം.

വഖഫ് ബോര്‍ഡിലും നാഷണല്‍ കൗണ്‍സിലിലും എണ്ണം തിട്ടപ്പെടുത്തി ഇതര മതസ്ഥര്‍ക്ക് അവസരമൊരുക്കുന്നതും, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തില്‍ പരിഗണിക്കപ്പെടുന്നവര്‍ മുസ്‌ലിംകളായിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി നിയമത്തില്‍ ഒഴിവാക്കിയതും വിവേചനവും അംഗീകരിക്കാനാകാത്തതുമാണ്.

അവകാശ തര്‍ക്കങ്ങളില്‍ പെടുത്തിയും നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കിയും രാജ്യത്തെ ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ഭരണകൂട നീക്കം അനുവദിച്ച് കൊടുക്കാനാവില്ല. ഭരണകൂട താല്പര്യത്തിനനുസൃതമായി ജുഡീഷ്യറിയില്‍ നിന്നുണ്ടാകുന്ന ഉത്തരവുകളെ സ്വാഗതാര്‍ഹമെന്ന് വിധിയെഴുതുന്നവര്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള നിയമപോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി ടി.കെ.സലിം ബാബു പ്രസ്താവനയില്‍ പറഞ്ഞു.

Similar Posts