
എലപ്പുള്ളി ബ്രൂവറിക്ക് ജല അതോറിറ്റി അനുമതി നൽകിയത് ഹൈക്കോടതി ഉത്തരവ് മറികടന്ന്
|മലമ്പുഴയിലെ വെള്ളം കാർഷികാവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് 2018ലെ കോടതിവിധി
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലക്ക് മലമ്പുഴയിൽ നിന്നും വെള്ളം നൽകാൻ ഒരുങ്ങുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് . കൃഷിക്കും കുടിവെള്ളത്തിനും പ്രാഥമ പരിഗണന വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെയാണ് ബ്രൂവറിക്ക് വേണ്ടിയുള്ള ജല അതോറിറ്റിയുടെ നീക്കം . അതേസമയം എലപ്പുള്ളി പഞ്ചായത്തിൽ ഇന്ന് അടിയന്തരയോഗം ചേർന്നു. പഞ്ചായത്തിന്‍റെ വിയോജിപ്പ് സർക്കാരിനെ അറിയിക്കാൻ തീരുമാനമായി. സംഭവത്തിൽ ബിജെപി വിവിധ മേഖലകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജലക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ ബ്രുവറി പ്രവർത്തിക്കുക ജലവകുപ്പ് ലഭ്യമാക്കുന്ന വെള്ളം ഉപയോഗിച്ചാണെന്ന് സർക്കാർ ഉത്തരവിൽ ഉണ്ട് . പാലക്കാട് മലമ്പുഴയിൽ നിന്നാണ് ഇങ്ങനെ വെള്ളമെടുക്കാൻ ഉള്ള നീക്കം . എന്നാൽ കൃഷിക്കും കുടിവെള്ളത്തിനും പ്രഥമ പരിഗണന കൊടുത്ത ശേഷം മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് മലമ്പുഴയിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കൂ എന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട് . കഴിഞ്ഞ കുറെ കാലമായി മലമ്പുഴയിൽ നിന്നും കൃഷിക്ക് പോലും ആവശ്യമായ വെള്ളം ലഭിക്കുന്നില്ല . ഇങ്ങനെ കൃഷി നശിച്ചുപോയ കർഷകരും പാലക്കാട് ഉണ്ട് . ഇതിനിടയാണ് ബ്രൂവറിക്കും മലമ്പുഴയിൽ നിന്നും വെള്ളം നൽകാനുള്ള തീരുമാനം . ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പാലക്കാട് ജല അതോറിറ്റിയുടെ ഓഫീസിലേക്കും എലപ്പുള്ളി പഞ്ചായത്തിലേക്കും മലമ്പുഴയിലേക്കും മാർച്ച് സംഘടിപ്പിച്ചു . അതിനിടെ എലപ്പുള്ളി പഞ്ചായത്തിൽ വിഷയം സംബന്ധിച്ച അടിയന്തര യോഗം നടന്നു . അടിയന്തര യോഗത്തിനിടെ അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.
പഞ്ചായത്തിന്‍റെ വിയോജിപ്പ് സർക്കാരിനെ അറിയിക്കുമെന്ന് പ്രസിഡന്‍റ് രേവതി ബാബു പറഞ്ഞു. എന്നാൽ വിഷയത്തിൽ സിപിഎം അംഗങ്ങൾ നിലപാട് വ്യക്തമാക്കുന്നില്ല . ജനങ്ങൾ ബ്രുവറിക്കെതിരെ പരാതി നൽകിയിട്ടില്ല , ജനങ്ങൾക്ക് ദോഷമാകുന്ന കാര്യങ്ങളൊക്കെ സിപിഎം എതിരാണെന്നും അംഗങ്ങൾ പറഞ്ഞു. ബ്രൂവറിക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം നടക്കും.