
അതികാലത്ത് എഴുന്നേറ്റ് ആമ്പൽപ്പാടത്തിലേക്ക് പോകാം...; മലരിക്കലിലെ ഈ കാഴ്ച ഇനിയും കണ്ടില്ലേ, എങ്കിൽ പെട്ടന്നായിക്കോട്ടെ...
|കോട്ടയം മലരിക്കലിലെ ആമ്പൽ വസന്തം കാണാൻ ഇതിനോടകം പതിനായിരങ്ങളാണ് വന്നുപോയത്.
കോട്ടയം: “അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം: അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും...“ എന്ന സോളമന്റെ സങ്കീർത്തനത്തിലെ വരികൾ മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ സ്നേഹം പകരാൻ മുന്തിരിത്തോപ്പുകൾക്ക് പകരം ഒരാമ്പൽ വസന്തത്തിലേക്കുള്ള ബസ് പിടിക്കുകയാണിപ്പോൾ മലയാളികൾ.
കോട്ടയം മലരിക്കലിലെ ആമ്പൽ വസന്തം കാണാൻ ഇതിനോടകം പതിനായിരങ്ങളാണ് വന്നുപോയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക്, 820 ഏക്കറുള്ള തിരുവായ്ക്കരി പാടശേഖരം എന്നിവിടങ്ങളിലാണ് ആമ്പൽ വിരിയുന്നത്.
മലരിക്കൽ ആമ്പൽ വസന്തത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസണാണ് കടന്നുപോവുന്നത്. മെയ് അഞ്ചിന് തുടങ്ങിയ ഈ വർഷത്തെ സീസൺ 144 ദിവസം പൂർത്തിയാക്കി ഒക്ടോബർ അഞ്ചിന് അവസാനിക്കും. തിരുവായ്ക്കരി പാടശേഖരങ്ങളിൽ കൊയ്ത്ത് അവസാനിപ്പിച്ച് വെള്ളം കയറ്റിത്തുടങ്ങിയതോടെ ഈ സീസണിൽ ആമ്പലുകൾ നേരത്തെ പൂത്തു.
മഴ തുടരുകയും വെള്ളം വറ്റിക്കാൻ താമസം നേരിടുകയും ചെയ്താൽ മാത്രം കുറച്ചു ദിവസം കൂടി സീസൺ നീട്ടിക്കിട്ടിയേക്കാം. നെൽപ്പാടങ്ങളിൽ കൃഷിയിറക്കാൻ മോട്ടോറുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. വൈദ്യുതി കണക്ഷൻ കൂടി കിട്ടിയാൽ ഏഴു ദിവസത്തിൽ വെള്ളം വറ്റിക്കൽ പൂർണമാകും. ആമ്പൽ വസന്തം അവസാനിക്കുന്നതോടെ മലരിക്കലിലെ പാടശേഖരങ്ങൾ നെൽകൃഷി കൊണ്ട് സമ്പന്നമാകും.
ഈ വർഷം മാത്രം അഞ്ച് കോടി രൂപയുടെ വരുമാനമാണ് ആമ്പൽ കാഴ്ചകൾ മലരിക്കലിന് സമ്മാനിച്ചത്. ഈ നയനമനോഹര കാഴ്ചകൾ കാണാൻ പ്രത്യേക സജ്ജീകരിച്ച 220 വള്ളങ്ങളും തയാറാണ്.