< Back
Kerala
മുട്ടിൽ മരംമുറി; സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി
Kerala

മുട്ടിൽ മരംമുറി; സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി

Web Desk
|
10 Feb 2022 7:40 AM IST

മരം കൊള്ളയ്ക്ക് പ്രതികളെ സഹായിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ തിരിച്ചെടുത്തത്, കൊള്ളയിൽ സർക്കാരിന്‍റെ പങ്ക് വ്യക്തമാക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു

മുട്ടിൽ മരംകൊള്ളക്കേസിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി. മരം കൊള്ളയ്ക്ക് പ്രതികളെ സഹായിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ തിരിച്ചെടുത്തത്, കൊള്ളയിൽ സർക്കാരിന്‍റെ പങ്ക് വ്യക്തമാക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു.

മുട്ടിൽ മരം മുറി സമയത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായിരുന്ന ബി.പി രാജു പ്രതികൾക്ക് വേണ്ടി വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷനിലായത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ, വയനാട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ പുനർനിയമനം നൽകി. മുട്ടിൽ മരംകൊള്ളക്കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതിന്‍റെ ഭാഗയാണിതെന്നാണ് ആരോപണം.

മരംമുറി നടന്ന മുട്ടിൽ സൗത്ത്, ത്രിക്കെപ്പറ്റ വില്ലേജുകളിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളോടൊപ്പം ബി.പി രാജു സന്ദർശിച്ചതും പ്രതികളിൽ നിന്ന് ആനുകൂല്യങ്ങൾ സ്വീകരിച്ചതും നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതികൾക്കായി മരം മുറിച്ച കരാറുകാരനും ഉദ്യോഗസ്ഥന്‍റെ പങ്ക് വെളിപ്പെടുത്തി. ഗുരുതര കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുമ്പോൾ പഴയ സ്ഥലം തന്നെ നൽകുന്നത് കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Similar Posts