< Back
Kerala
wayanad drugs
Kerala

ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്

Web Desk
|
16 March 2025 6:39 AM IST

നൈജീരിയൻ സ്വദേശിയടക്കം രണ്ടുപേർ ബംഗളൂരുവിൽ പിടിയിൽ

കൽപ്പറ്റ: ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. നൈജീരിയൻ സ്വദേശിയടക്കം രണ്ടു പേരെ ബംഗളൂരുവിൽനിന്ന് പിടികൂടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ടാൻസാനിയൻ പൗരനിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്...

നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ, ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും ബംഗളൂരുവിലെ MDMA മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി എസ്എച്ച്ഒ എന്‍.പി രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

കൂട്ടു പ്രതിയായ ടാന്‍സാനിയൻ സ്വദേശി പ്രിന്‍സ് സാംസണ്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 3 പേരും ബംഗളൂരുവിലെ ഗവ. കോളേജില്‍ ബിസിഎ വിദ്യാര്‍ഥികളാണ്.

കുറച്ചുകാലമായി ഇവർ കേരളത്തിലേക്ക് MDMA ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ഒരുപാട് പണമിടപാടുകളും നടത്തിയിട്ടുണ്ട്. ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ബൈക്കില്‍ 93 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഷഫീഖ് പിടിയിലായിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തത്തിലാണ് വിദേശികളടക്കം വലയിലായത്. ചില്ലറ വില്‍പ്പനയ്ക്കും സ്വന്തം ആവശ്യത്തിനുമാണ് ഷഫീഖ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്.

Similar Posts