< Back
Kerala
മക്കളെ കൊന്നവർക്ക് ശിക്ഷ ലഭിക്കാൻ ആറ് വർഷം കാത്തിരുന്നു; വിധി കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ
Kerala

'മക്കളെ കൊന്നവർക്ക് ശിക്ഷ ലഭിക്കാൻ ആറ് വർഷം കാത്തിരുന്നു'; വിധി കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ 'അമ്മ

Web Desk
|
3 Jan 2025 1:56 PM IST

പ്രതികൾക്ക് വധശിക്ഷ കിട്ടണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വിധി കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ 'അമ്മ. മക്കളെ കൊന്നവർക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി ആറ് വർഷം ആയി കാത്തിരിക്കുകയാണെന്നും കൃപേഷിന്റെ 'അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പത്ത് പ്രതികൾക്കാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്.

"എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷവും സങ്കടവും മൂലം ഒന്നും പറയാനും കഴിയുന്നില്ല. ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവർക്ക് ശിക്ഷ കിട്ടാൻ വേണ്ടി ആറ് വർഷം ആയി കാത്തിരിക്കുന്നു," കൃപേഷിന്റെ 'അമ്മ പറഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ആറ് വർഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. വെറുതെ വിട്ടവർക്ക് കൂടി ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സഹോദരി പറഞ്ഞു.

പ്രതികൾക്ക് വധശിക്ഷ കിട്ടണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പ്രതികരിച്ചു. വിധിയിൽ സന്തോഷമുണ്ട്, അപ്പീലിന് പോകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു."വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആ​ഗ്രഹം. അത് കിട്ടിയില്ല. വിധിയിൽ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎൽഎക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാർട്ടിയുമായും പ്രൊസിക്യൂഷനുമായും സംസാരിച്ചതിന് ശേഷം അപ്പീലിന് പോകുന്ന കാര്യം തീരുമാനിക്കും'- കൃപേഷിന്റെ പിതാവ് പറഞ്ഞു

ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ , മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവൻ വെളുത്തോളി, കെ.വി ഭാസ്കകൻ എന്നീ നേതാക്കൾക്ക് 5 വർഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽകുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.




Similar Posts