
'പ്രസ്താവന പിന്‍വലിച്ച് എ.കെ ബാലന്‍ കേരള സമൂഹത്തോട് മാപ്പ് പറയണം': റസാഖ് പാലേരി
|സംഘ്പരിവാറിന് കളമൊരുക്കാന്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നും റസാഖ് പാലേരി പറഞ്ഞു
മലപ്പുറം: മാറാട് കലാപത്തില്‍ എ.കെ ബാലന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരള സമൂഹത്തോട് ബാലന്‍ മാപ്പ് പറയണം. നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. സംഘ്പരിവാറിന് കളമൊരുക്കാന്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നും റസാഖ് പാലേരി പറഞ്ഞു.
ബിജെപിയുടെ നറേഷന്‍ ഏറ്റെടുത്തിരിക്കുകയാണ് ബാലന്‍. കേരളത്തില്‍ കലാപാഹ്വാനം നടത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം എന്ന രീതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ അപകടകരമായ രീതിയിലേക്കാണ് അത് വഴി തുറന്നിടുക. എ.കെ ബാലനും വെള്ളാപ്പള്ളിയും ഒരേ ലൈനിലാണ് സംസാരിക്കുന്നത്. മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ് ലാമിയെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്വേഷ പ്രചരണങ്ങളെ ഏറ്റെടുത്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ് ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും സംഭവിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞിരുന്നു.