
റസാഖ് പാലേരി Photo: MediaOne
വോട്ട് ചോരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തു; വോട്ട് ഇരട്ടിപ്പും വാർഡ് വിഭജനത്തിലെ വംശീയ വിവേചനവും പരിഹരിക്കണം: റസാഖ് പാലേരി
|രാഷ്ട്രീയ പാർട്ടികളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എസ്.ഇ.സി നമ്പർ നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ ഐഡി കാർഡിന്റെ നമ്പർ നിലവിലുള്ളപ്പോൾ എസ്ഇസി നമ്പർ ഏത് നിലക്ക് പ്രയോജനപ്പെടുത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച കറാട്ട് വോട്ടർ പട്ടികയും വലിയ തോതിൽ അപാകതകളും ഉണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. രാഷ്ട്രീയ പാർട്ടികളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എസ്.ഐ.സി നമ്പർ നൽകിയത് എന്തിനാണെന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ ഐഡി കാർഡിൻ്റെ നമ്പർ നിലവിലുള്ളപ്പോൾ എസ്ഐസി നമ്പർ ഏത് നിലക്ക് പ്രയോജനപ്പെടുത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.
ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം എസ്.ഐ.സി നമ്പർ അനുവദിച്ചതായി കാണുന്നു. ഇത് കള്ളവോട്ടിന് കാരണമാകും. ഇത്തരത്തിൽ നിരവധി വോട്ടിരട്ടിപ്പുകൾ കരട് വോട്ടർ പട്ടികയിൽ ഉണ്ട്. അടിയന്തരമായി ഇതെല്ലാം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഒഴിവാക്കിയതും പഞ്ചായത്ത്/ കോർപ്പറേഷനുകളിൽ ചേർക്കപ്പെട്ട ഇരട്ട വോട്ടിനെ സംബന്ധിച്ചും വിഭജനത്തിലെ വിവേചനവും വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനൊന്നും ശരിയായ പരിഹാരങ്ങൾ ഉണ്ടായില്ല. ഒക്ടോബർ ആദ്യവാരത്തിൽ പ്രസിദ്ധീകരിച്ച പുതിയ വോട്ടർ പട്ടികയിൽ പ്രാഥമികമായ അന്വേഷണത്തിൽ തന്നെ തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 400 - ലധികം ഇരട്ട വോട്ടുകളാണ് നേടിയത്. ഡി-ലിമിറ്റേഷനു ശേഷം വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ വന്ന വൻ വ്യത്യാസത്തെ സംബന്ധിച്ച് വെൽഫെയർ പാർട്ടിയുടെ വിവിധ സന്ദർഭങ്ങളിൽ പരാതി ഉയർന്നിരുന്നു.
'സിപിഎമ്മിൻ്റെയും ബിജെപിയുടെയും രാഷ്ട്രീയ ഒളിയജണ്ട നടപ്പിലാക്കുന്നതിനുള്ള സൗകര്യമാണ് ചെയ്തു കൊടുത്തിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് വിഭജനം ബിജെപിക്ക് സഹായകരമാണ്. സർക്കാരും കോർപ്പറേഷനും അറിയാതെ ഇത്തരം ഒരു നിർദ്ദേശം ഉയർന്നു വരികയില്ല. ശരാശരി 8000 വോട്ടർമാർ ഓരോ വാർഡിലും ഉണ്ടാകുന്ന രീതിയിലാണ് തിരുവനന്തപുരം കോർപ്പറേഷനിൽ വാർഡ് വിഭജനം നടക്കേണ്ടി വന്നത്. എന്നാൽ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങൾ ഭൂരിപക്ഷമുള്ള ബീമാപള്ളി, പൂന്തുറ, പോർട്ട്, വിഴിഞ്ഞം വെട്ടുകാട്, വള്ളക്കടവ് തുടങ്ങിയ വാർഡുകളിൽ 17,200 മുതൽ 14,500 വരെയുള്ള വോട്ടുകളാണ്. ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ അനീതിയെ സംബന്ധിച്ച് വ്യക്തത വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്.'റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ - ദളിത് വിഭാഗങ്ങളിൽ പെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കിയ ബിഹാറിലെ വോട്ട് ചോരിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിൽ സംഘപരിവാറിന് അനുകൂലമായ വാർഡ് വിഭജനവും വോട്ടു വിന്യാസവും ഉണ്ടാകുന്നത് ഇടതുപക്ഷത്തിൻ്റെ മൗനാനുവാദം ഉള്ളതുകൊണ്ട് മാത്രമാണ്. ഇത് സ്വതന്ത്രവും നീതിപൂർണവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ ദുർബലപ്പെടുത്തും. ഈ കാര്യങ്ങളിൽ അടിയന്തര തിരുത്തൽ നടപടികൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
നേരത്തെ, കോഴിക്കോട് കോർപ്പറേഷനിലെ വോട്ട് ക്രമീകരണത്തിലും സമാനരീതിയിൽ ക്രമക്കേടുകൾ നടന്നെന്ന പരാതിയുണ്ടായിരുന്നു. ഒരു കെട്ടിടം നമ്പറിൽ തന്നെ 140 - ൽ അധികം വോട്ടുകൾ വന്നതു പോലെയുള്ള ക്രമക്കേടുകളും വെൽഫെയർ പാർട്ടി ചൂണ്ടിക്കാണിച്ചിരുന്നു.