< Back
Kerala
Welfare Party, Kasaragod Mock Poll,latest malayalam news,കാസര്‍കോട് മോക് പോളിങ്,വോട്ടിങ് മെഷീന്‍,വെല്‍ഫെയര്‍ പാര്‍ട്ടി
Kerala

സജി ചെറിയാന്റെ വർഗീയ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം, മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം; വെൽഫെയർ പാർട്ടി

Web Desk
|
19 Jan 2026 8:02 PM IST

'നിയമസഭ തെരഞ്ഞെടുപ്പ് വരെ കൃത്യമായ ഇടവേളകളിൽ മുസ്‌ലിം വിരുദ്ധ വർഗീയ പരാമർശങ്ങൾ നടത്തി സമൂഹത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള അസൈൻമെന്റ് സിപിഎം അതിന്റെ നേതാക്കൾക്ക് നൽകിക്കഴിഞ്ഞു. ഇതിൽ എ.കെ ബാലന്റെയും സജി ചെറിയാന്റെയും ഊഴം കഴിഞ്ഞിരിക്കുകയാണ്'

തിരുവനന്തപുരം: മുസ്‌ലിം സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികളെയും ജനപ്രതിനിധികളെയും ഉന്നമിട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ പ്രസ്താവന അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല. അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്നും റസാഖ് പാലേരി പറഞ്ഞു.

'ദിനംപ്രതി വർഗീയ പരാമർശങ്ങൾ നടത്തി മുസ്‌ലിം വിരുദ്ധ വംശീയത പടർത്തുന്നതിൽ സിപിഎം നേതാക്കളും ബിജെപി നേതാക്കളും പരസ്പരം മത്സരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിരുദ്ധ വർഗീയതയായിരിക്കും തങ്ങളുടെ പ്രചാരണ ആയുധമെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചിരിക്കുന്നു. സിപിഎം വർഗീയത വിതക്കുമ്പോൾ വോട്ട് കൊയ്യുന്നത് ബിജെപിയാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുമ്പോൾ കേരളം മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുമെന്ന് സിപിഎം അനുഭവത്തിലൂടെയെങ്കിലും തിരിച്ചറിയും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, അതുണ്ടായില്ല. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ സിപിഎം ശക്തമായി തുടരുകയാണ്' റസാഖ് പാലേരി ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് വരെ കൃത്യമായ ഇടവേളകളിൽ മുസ്‌ലിം വിരുദ്ധ വർഗീയ പരാമർശങ്ങൾ നടത്തി സമൂഹത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള അസൈൻമെന്റ് സിപിഎം അതിന്റെ നേതാക്കൾക്ക് നൽകിക്കഴിഞ്ഞു. ഇതിൽ എ.കെ ബാലന്റെയും സജി ചെറിയാന്റെയും ഊഴം കഴിഞ്ഞിരിക്കുകയാണ്. വരുംനാളുകളിൽ സിപിഎമ്മിന്റെ കൂടുതൽ നേതാക്കളുടെ നാവുകൾ വിഷം ചീറ്റുന്നത് കേരളം കാണാനിരിക്കുകയാണെന്ന് റസാഖ് പാലേരി പറഞ്ഞു.

Similar Posts