< Back
Kerala
എസ്.എഫ്.ഐയും ആര്‍.എസ്.എസും തമ്മിലെന്തു വ്യത്യാസം? എം.ജി സര്‍വകലാശാല സംഘര്‍ഷത്തില്‍ പ്രതിഷേധവുമായി എ.ഐ.എസ്.എഫ്
Kerala

എസ്.എഫ്.ഐയും ആര്‍.എസ്.എസും തമ്മിലെന്തു വ്യത്യാസം? എം.ജി സര്‍വകലാശാല സംഘര്‍ഷത്തില്‍ പ്രതിഷേധവുമായി എ.ഐ.എസ്.എഫ്

Web Desk
|
22 Oct 2021 9:30 AM IST

സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി

എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിഷേധവുമായി എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി. എസ്.എഫ്.ഐയും ആര്‍.എസ്.എസും തമ്മിലെന്താണ് വ്യത്യാസമെന്ന് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ''ജനാധിപത്യ പരമായി മത്സരിച്ച് എ.ഐ.എസ്.എഫ് വിദ്യാർഥികൾക്കിടയിൽ നേടിയ സ്വീകാര്യതയിൽ വിറളി പൂണ്ട എസ്.എഫ്.ഐ പ്രവർത്തകരും പുറത്തു നിന്ന് മാരകായുധങ്ങളുമായെത്തിയ ഗുണ്ടകളും ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദിച്ചത്. എസ്.എഫ്.ഐ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും'' എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി. കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും പ്രസ്താവനയിലൂടെ അറിയിച്ചു.



ഇന്നലെ നടന്ന എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ ഒരു എ.ഐ.എസ്.എഫ് പ്രവർത്തകൻ തീരുമാനിച്ചതാണ് തുടക്കം. വാക്കു തർക്കം തുടർന്ന് സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. സംഘർഷത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന 11 നേതാക്കൾക്കെതിരെയാണ് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാടുകളിൽ കടുത്ത വിയോജിപ്പാണ് എ.ഐ.എസ്.എഫിനുള്ളത്.

Related Tags :
Similar Posts