< Back
Kerala
യൂണിഫോം അംഗീകരിക്കുന്നതോടൊപ്പം ഓരോരുത്തരുടെയും വിശ്വാസത്തെ അംഗീകരിക്കാനും തയ്യാറാവണം: വി. ശിവൻകുട്ടി
Kerala

യൂണിഫോം അംഗീകരിക്കുന്നതോടൊപ്പം ഓരോരുത്തരുടെയും വിശ്വാസത്തെ അംഗീകരിക്കാനും തയ്യാറാവണം: വി. ശിവൻകുട്ടി

Web Desk
|
17 Oct 2025 10:16 PM IST

'സ്വന്തം നിയമം ഉണ്ടാക്കാൻ ഒരു അൺ എയ്ഡഡ് മാനേജ്മെന്റിനും അധികാരമില്ല'

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി. ഒരു കാരണവശാലും പുറത്താക്കാൻ പാടില്ല എന്ന് സർക്കാർ പറഞ്ഞിട്ടും ​ഒരു കുട്ടിയെ പുറത്താക്കിയിരിക്കുകയാണെന്നും യൂണിഫോം അംഗീകരിക്കുന്നതോടൊപ്പം തന്നെ ഓരോരുത്തരുടെയും വിശ്വാസത്തെ അംഗീകരിക്കാനും തയ്യാറാവണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

ഞങ്ങൾ സ്വന്തം നിലയിൽ ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. ആ നിയമമനുസരിച്ചേ മുന്നോട്ട് പോകാൻ പറ്റൂ എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ ഒരു നിയമം ഉണ്ടാക്കാനുള്ള അധികാരം ഒന്നും ഒരു അൺ എയ്ഡഡ് മാനേജ്മെന്റിനും ഇല്ല എന്നുള്ള കാര്യം മന്ത്രി എന്നുള്ള നിലയിൽ താൻ വ്യക്തമാക്കുകയാണ്. ഇവിടെ ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അനുവാദം കൊടുക്കുന്നത് ഗവൺമെന്റ് ആണ്. അൺ എയ്ഡഡ് ആയിരുന്നാലും ശരി. അനുവാദം കൊടുക്കുന്ന ഗവൺമെന്റിന് നിയമവിരുദ്ധമായ പ്രവർത്തനം നടത്തിയാൽ അത് പിൻവലിപ്പിക്കുവാനുള്ള അധികാരവും ഉണ്ടെന്നുള്ള കാര്യം ബന്ധപ്പെട്ടവർ മനസ്സിലാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

മാനസികമായി പീഡിപ്പിക്കപ്പെട്ട ആ കുട്ടി ആ സ്കൂളിൽ നിന്ന് അവിടെ നിന്ന് ടിസി വാങ്ങി. ആ കുട്ടിക്ക് മാനസികമായോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സെന്റ് റീത്താസ് സ്കൂളിനായിരിക്കും എന്ന കാര്യം ഞാൻ ഇന്ന് രാവിലെ പത്രക്കാരോട് പറഞ്ഞിരുന്നു. ഈ നിലയിലുള്ള വിദ്യാഭ്യാസ കച്ചവടക്കാരും ഈ നാട്ടിൽ ഉണ്ട്. എന്തും ആവാം എന്ന് ധരിക്കുന്നവരുണ്ട്. ആ കാലഘട്ടമെല്ലാം കഴിഞ്ഞുപോയി എന്നുള്ള കാര്യം താൻ ഇവിടെ സൂചിപ്പിക്കുകയാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Similar Posts