
'അമ്മ'യെ ആര് നയിക്കും; നാല് മണിക്ക് ഫലമറിയാം
|തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് ബാബുരാജ്
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 296 പേരാണ് വോട്ട് ചെയ്തത്. 4 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ ഫലപ്രഖ്യാപനമുണ്ടാകും.
ശ്വേതാ മേനോന് എതിരായ കേസിനെക്കുറിച്ചുള്ള തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും നടന്‍ ബാബുരാജ് പറഞ്ഞു.
രാവിലെ പത്തുമണിക്കാണ് വോട്ടിങ് പൂര്‍ത്തിയായത്. സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിതെളിഞ്ഞത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മില്‍ മത്സരിക്കുമ്പോള്‍ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തെത്താന്‍ ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരരംഗത്തുള്ളത്.ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനും മത്സരിക്കുന്നു.